Tuesday, July 14, 2009

വെള്ളക്കരം കൂടിയതിനു പിന്നിൽ !

ആദ്യം വായിക്കുക...പിന്നെ കാണുക.

(മുന്നറിയിപ്പ് അഥവാ മുൻ കൂർ ജാമ്യം : ഈ ദൃശ്യം ഇതിനകം പലർക്കും ലഭിച്ചു കാണുമായിരിക്കും . ! കണ്ടവർ കാണാത്തവരെ കാണാൻ അനുവദിച്ച് കമന്റിൽ ഒരു സ്മൈലിയെങ്കിലും ഇടാൻ അഭ്യർത്ഥിക്കുന്നു. )

വീട്ടിൽ വെള്ളത്തിന്റെയോ കരന്റിന്റെയോ ബില്ല് കൂടുമ്പോൾ കേരളം ഭരിക്കുന്നവരെയും അവരെ ഭരിക്കുന്നവരെയും ,ഇലക്ട്രിസിറ്റി /വാട്ടർ അതോറിറ്റിയെയും അത് പോരാഞ്ഞ് പൊണ്ടാട്ടി ,കുഞ്ഞ് കുട്ടി ,അയൽക്കാർ, വല്ലപ്പോഴും വഴിതെറ്റി വരുന്ന വിരുന്നുകാർ ഇവരെയൊക്കെ എടുത്തിട്ട് അലക്കുന്നതിനു മുന്നെ (നാക്ക് കൊണ്ട് ) യഥാർത്ഥ കാരണം അന്വേഷിക്കണമെന്ന് ഈ കാഴ്ച ഓർമ്മിപ്പിക്കുന്നു.

കുന്തം പോയാൽ കുടത്തിലും തപ്പണം എന്ന് ഏതോ കുന്തം പോയവൻ അന്തമില്ലാതെ പറഞ്ഞത് അന്തക്കേടല്ല എന്ന് മനസ്സിലാക്കാൻ ,വെള്ളത്തിന്റെ ബില്ല് കൂടിയതിന്റെ കാരണമറിയാനായി ടോയ്ലറ്റിൽ തപ്പിയ വീട്ടുടമസ്ഥൻ അന്തം വിട്ടു കാഴ്ചയാണിവിടെയുള്ളത് .ക്ലിക്കി കാണുക.

ഇതൊക്കെ എന്റെ ഓരോ നമ്പറല്ലേ :)

Sunday, May 10, 2009

ചിതലരിക്കാത്ത ഒരു ഓർമ്മ


ആദ്യം ഈ ക്ലിപ്പിംഗ് കാണുക. നിങ്ങളിൽ പലർക്കും ഇത് മെയിലിൽ കിട്ടിയിരിക്കും.

നമുക്ക് പലർക്കും നഷ്ടപ്പെടുന്ന ഈ വാത്സല്യ നിധികളായ മാതാക്കളുടെ സ്നേഹം ഒരു വേള തിരിച്ചറിയാൻ ഉപകരിച്ചേക്കും ഈ ചെറു ദൃശ്യം.
പണത്തിനു വേണ്ടി സ്വന്തം മാതാവിനെ വരെ വെട്ടിക്കൊല്ലുന്ന കിരാത വർഗമായി മാറിയിരിക്കുന്നു കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയിൽ അഭിമാനം കൊണ്ടിരുന്ന മലയാളിയും !മക്കളെ തങ്ങളുടെ സുഖ ഭോഗങ്ങൾക്ക് വേണ്ടി തെരുവിലെറിയുന്ന മാതാ പിതാക്കളും വിരളല്ല്ല.
നമുക്കെവിടെയാണീ ലാളനങ്ങൾ നഷ്ടമായത് ?
എങ്ങിനെ തിരികെനേടാം നമുക്കീ നഷ്ട സ്നേഹലാളനങ്ങൾ ?

ചിതലരിക്കാത്ത ഒരു ഓർമ്മ ഇവിടെ ചേർത്ത് വെക്കട്ടെ

വെള്ളറക്കാട് യു.പി.സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം. കാലിൽ മുള്ള് കുത്തുക അതുമായി ഒന്നരക്കാലിൽ നടക്കുക .ആ കാരണം കൊണ്ട് സ്കൂളിൽ പോവാതിരിക്കാനുള്ള അനുമതി ലഭിക്കുക എന്നതൊക്കെ ഒരു സാധാരണ സംഭവമായിരുന്നു അന്നൊക്കെ. പക്ഷെ ഒരു തവണ എന്റെ കാലിൽ ഒരു മുള്ള് കുത്തി. അതൊരു ഒന്നൊന്നര മുള്ളായിരുന്നു. ഒരു പീസ് പൊട്ടി കാലിന്റെ മടമ്പിൽ കയറിയിരിപ്പായി. എന്റെ വക ശ്രമങ്ങൾ നടത്തി നോക്കി അതിനെയൊന്ന് പുറത്തെടുക്കാൻ. ഇടയ്ക്ക് പറയട്ടെ ഇന്ന് നമ്മുടെ കുട്ടികളുടെ കാലിൽ ഒരു മുള്ളിന് കുത്താനുള്ള സ്വാതന്ത്ര്യം നാം ഇല്ലാതാക്കിയത് കൊണ്ട് ഈ വക അനുഭവങ്ങളൊന്നും അവർക്കില്ലാതാവുകയും ചെയ്യുന്നു. കമ്പിപ്പാല എന്ന ഒരു ചെറിയ തരം മരത്തിലെ ഇല പൊട്ടിച്ച് അതിന്റെ പശ/നീര് മുള്ളു കുത്തിയിടത്ത് പുരട്ടിയാൽ മുള്ള് പൊന്തി വരുമെന്ന് ആരോ പറഞ്ഞു അതൊക്കെ പരാജയപ്പെട്ട് അവസാനം കാലിന്റെ മടമ്പ് പഴുത്ത് ഒരു പരുവമായി. കാല് നിലത്ത് വെക്കാൻ പറ്റാത്ത അവസ്ഥ. എനിക്കാണെങ്കിൽ ഹോസ്പിറ്റൽ എന്ന് കേൾക്കുമ്പോഴേ ഇഞ്ചക്ഷൻ സൂചിയും കത്രികയും മനസിൽ തെളിഞ്ഞ് ബോധക്കേടുണ്ടാവുന്നത്ര ധൈര്യം. :(

പക്ഷെ ,അവസാനം ഇല്ലാത്ത ധൈര്യം സംഭരിച്ച് ഹോസ്പിറ്റലിൽ പോകാ‍മെന്ന് സമ്മതിച്ചു. എരുമപ്പെട്ടി ഗവണ്മെന്റ് ആശുപതിയിൽ ആണ് അന്ന് പോയത്. വിചാരിച്ചത് തന്നെ സംഭവിച്ചു. എന്റെ കാല് കിട്ടിയ സന്തോഷം ആ ഡോക്ടർ നഴ്സിനു കൈമാറി അവർ അത് കത്രികയും മറ്റു കുന്ത്രാണ്ടങ്ങളും കൊണ്ട് ആഘോഷിച്ചു. നാല് കിലോമീറ്റർ അകലെയുള്ള എന്റെ വീട്ടിൽ കേൾക്കാവുന്ന ശബ്ദത്തിൽ എന്റ് നിലവിളി വകവെക്കാതെയുള്ള ആ കലാപരിപാടിയോടെ എന്റെ ഉള്ള ജീവൻ എന്നെ വിട്ട് പോണോ വേണ്ടേ എന്ന നിലയിലായി . അപ്പോഴാണ് ഡോകടറുടെ ഒരു പ്രഖ്യാ‍പനം .സിസ്റ്റർ ഒരു ഇഞ്ചകഷ്ൻ കൂടി എടുത്തോളൂ.. ഡോക്ടർമാരിലും പോലീസുകാരോ എന്ന സംശയത്തോടെ ഞാൻ ഉമ്മാടെ മുഖത്തേക്ക് ദയനീയമായി നോക്കി. 'ഇഞ്ചക്ഷനു പകരം ഗുളിക എഴുതിപ്പിക്കാം എന്ന് ഉമ്മ എന്നോട് ഏറ്റിരുന്നത് ഓർമ്മിപ്പിക്കുക' എന്നതായിരുന്നു എന്റെ ആ നോട്ടത്തിന്റെ അർത്ഥമെങ്കിലും ഉമ്മ അത് കണ്ടതായി നടിക്കുന്നില്ല. അവസാനം ആ ദുരന്തം കൂടി സംഭവിച്ചു. അതോടെ എന്റെ ജീവൻ ഹോസ്പിറ്റൽ പടി കടന്ന് അടുത്തുള്ള ചായക്കടയിലെ ബഞ്ച് വരെ എങ്ങിനെ എത്തി എന്നതിന് ഒരു ഉത്തരമില്ല. അവിടെ നിന്ന് ഒരു പാലുംവെള്ളവും (ചായപ്പൊടി ഇടാത്ത ചൂടുവെള്ളത്തിൽ പാലും പഞ്ചസാരയും മാത്രം മിക്സ് ചെയ്ത ഒരു പാനീയം) രണ്ട് വെള്ളയപ്പത്തിനു മുകളിൽ പഞ്ചസാര തൂകിയതും ഇട്ടത് മുന്നിൽ എത്തിയിരിക്കുന്നു. ‘മോനേ ഇയ്യതങ്ങ്ട്ട് കഴിക്ക് ഇന്നിട്ട് നമുക്ക് പോകാം. വേദനയൊക്കെ ഇപ്പ മാറും’ എന്നുള്ള ഉമ്മാടെ മോഹന വാഗ്ദാനം കേൾക്കുന്നതിനു മുന്നെ തന്നെ പാലും വെള്ളം ഞാൻ കുടിച്ചു തുടങ്ങിയിരുന്നു (കരച്ചിലോടു കൂടി തന്നെ) . അവിടെയുള്ളവർ എന്നെ പല ആങ്കിളിലും നോക്കുന്നുണ്ട് .ചിലരുടെ കണ്ണുകളിൽ വെറും പുച്ഛം. ഇത്രയും വലുതായിടും ഇവന്റെ കരച്ചിൽ കണ്ടില്ലേ എന്ന ഭാവാഹാതികൾ.

അവിടെ നിന്നിറങ്ങി ഒരു കാല് തറയിലും ഒരു കാല് വായുവിലുമായി ഉമ്മാ‍ടെ സഹായത്തോടെ വെള്ളറക്കാട്ടേക്കുള്ള ബസിൽ കയറിപറ്റി (കണ്ടക്ടർ വലിച്ച് കയറ്റി ) വെള്ളറക്കാട് മനപ്പടിയിൽ വന്നിറങ്ങി. നമ്മുടെ ബ്ലോഗർ സുരേഷ് കുമാർ പുഞ്ചയിലിന്റെ തറവാടിന്റെ അടുത്ത് കൂടെ നടന്ന് ചിങ്ങംകാവ് അമ്പലപറമ്പ് വഴി പാടത്തേക്കിറങ്ങി പാടവരമ്പിലൂടെ നടന്നാൽ എളുപ്പത്തിൽ ഞങ്ങളുടെ പറമ്പിന്റെ പിറക് വശത്തെത്താം . അതാണ് മനപ്പടിയിൽ ബസിറങ്ങിയത്. സുരേഷിന്റെ വീട്ടുകാർ ഉമ്മയുമായി വളരെ അടുപ്പം പുലർത്തിയിരുന്നു. അവരുടെ സഹതാപങ്ങളൊക്കെ ഏറ്റുവാങ്ങി ഞാനും ഉമ്മയും അമ്പലം കഴിഞ്ഞ് പാടത്തെത്തി അപ്പോഴാണ് ഓർത്തത് പാട വരമ്പിലൂടെ എനിക്ക് ഈ ഒറ്റക്കാലും വെച്ച് ‘കാറ്റ് വാക്’ ചെയ്യാൻ പറ്റില്ല എന്ന്. ഞാൻ ഉമ്മയെയും ഉമ്മ എന്നെയും നോക്കി . ഞാനു ഉമ്മയും കൂടി പാട വരമ്പത്തെ ചളിയിലേക്കും.

പക്ഷെ മാതൃത്വം അവിടെ തളർന്നില്ല. ‘അന്നെ ഞാൻ എടുത്ത് നടന്നോളാം കുറച്ച് ദൂരമല്ലേയുള്ളൂ’ എന്ന് പറഞ്ഞ ഉമ്മ എന്നെ വാരിയെടുത്തു ഒക്കത്ത് വെച്ചു. എന്റ് ഭാരം കുറഞ്ഞു ഉമ്മാടെ വാത്സല്യത്തിൽ ..ഉമ്മാടെ ഒക്കത്തിരുന്ന് ഞാനങ്ങിനെ സുരക്ഷിതാമയി പാടത്തിനക്കരെയെത്തി. വഴിയിൽ വെച്ച് ഒന്ന് രണ്ടാളുകൾ അവരുടെ പൊട്ടചോദ്യങ്ങളുമായി മുന്നിൽ വന്നു. ‘കല്ല്യാണം കഴിക്കാനായ ചെക്കനെയും എടുത്താണോ നടക്കുന്നത് ?(ഉമ്മാട് ) നാണമില്ലടാ നിനക്ക് ഉമ്മാടെ ഒക്കത്തിരിക്കാൻ ? (എന്നോട്) . രണ്ട് ചോദ്യങ്ങളെയും ഉമ്മ തന്നെ നേരിട്ടു. ഓന്റെ കാലുമ്മൊരു മുള്ളു കുത്തി അത് കീ‍റി മരുന്ന് വെച്ച് വരുകയാ. നടക്കാൻ പറ്റത്തോണ്ടാ.. ഉമ്മ മറുപടി നൽകി. ഉമ്മാക്ക് എന്റ് ഭാരം താ‍ങ്ങാൻ മാത്രം ആരോഗ്യസ്ഥിതിയൊന്നുമുണ്ടായിരുന്നില്ല എന്നിട്ടും എന്റെ കാല് നനയാതിരിക്കാൻ എന്നെ ഒക്കത്തിരുത്തി ആ പാട വരമ്പിലൂടെ നടന്ന് നീങ്ങിയത് ഇന്നും എന്റെ മനസ്സിൽ മായാതെ മങ്ങാതെയിരിക്കുന്നു. ഈ ക്ലിപ് കണ്ട് ഞാൻ ആ രംഗം വീണ്ടുമോർത്തു. ഈറനായ മിഴികളുമായി.. എന്ത് പകരം വെക്കാ‍ാൻ പറ്റും നമുക്ക് മാതാവിന്റെ സ്നേഹത്തിന് .


നഷ്ടപ്പെടുന്നതിനു മുന്നെ തിരിച്ചറിയാൻ കഴിയണം നമുക്ക്. അല്ലെങ്കിൽ ഒരു പാട് ദു:ഖിക്കേണ്ടി വരും
ഇന്ന് മാതൃദിനമായി ആചരിക്കുന്ന സമയത്ത് എന്റെ ഉമ്മാടെ സ്നേഹത്തിനു മുന്നിൽ എല്ലാ മാതാക്കളുടെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും മുന്നിൽ ഈ കാശ്ച സമർപ്പിക്കുന്നു.

മാതാവിന്റെ മഹത്വം എന്ന ഈ മൊഴിമുത്തുകൾ കൂടി വായിക്കുമല്ലോ

Related Posts with Thumbnails