ആദ്യം ഈ ക്ലിപ്പിംഗ് കാണുക. നിങ്ങളിൽ പലർക്കും ഇത് മെയിലിൽ കിട്ടിയിരിക്കും.
നമുക്ക് പലർക്കും നഷ്ടപ്പെടുന്ന ഈ വാത്സല്യ നിധികളായ മാതാക്കളുടെ സ്നേഹം ഒരു വേള തിരിച്ചറിയാൻ ഉപകരിച്ചേക്കും ഈ ചെറു ദൃശ്യം.
പണത്തിനു വേണ്ടി സ്വന്തം മാതാവിനെ വരെ വെട്ടിക്കൊല്ലുന്ന കിരാത വർഗമായി മാറിയിരിക്കുന്നു കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയിൽ അഭിമാനം കൊണ്ടിരുന്ന മലയാളിയും !മക്കളെ തങ്ങളുടെ സുഖ ഭോഗങ്ങൾക്ക് വേണ്ടി തെരുവിലെറിയുന്ന മാതാ പിതാക്കളും വിരളല്ല്ല.
നമുക്കെവിടെയാണീ ലാളനങ്ങൾ നഷ്ടമായത് ?
എങ്ങിനെ തിരികെനേടാം നമുക്കീ നഷ്ട സ്നേഹലാളനങ്ങൾ ?
ചിതലരിക്കാത്ത ഒരു ഓർമ്മ ഇവിടെ ചേർത്ത് വെക്കട്ടെ
വെള്ളറക്കാട് യു.പി.സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം. കാലിൽ മുള്ള് കുത്തുക അതുമായി ഒന്നരക്കാലിൽ നടക്കുക .ആ കാരണം കൊണ്ട് സ്കൂളിൽ പോവാതിരിക്കാനുള്ള അനുമതി ലഭിക്കുക എന്നതൊക്കെ ഒരു സാധാരണ സംഭവമായിരുന്നു അന്നൊക്കെ. പക്ഷെ ഒരു തവണ എന്റെ കാലിൽ ഒരു മുള്ള് കുത്തി. അതൊരു ഒന്നൊന്നര മുള്ളായിരുന്നു. ഒരു പീസ് പൊട്ടി കാലിന്റെ മടമ്പിൽ കയറിയിരിപ്പായി. എന്റെ വക ശ്രമങ്ങൾ നടത്തി നോക്കി അതിനെയൊന്ന് പുറത്തെടുക്കാൻ. ഇടയ്ക്ക് പറയട്ടെ ഇന്ന് നമ്മുടെ കുട്ടികളുടെ കാലിൽ ഒരു മുള്ളിന് കുത്താനുള്ള സ്വാതന്ത്ര്യം നാം ഇല്ലാതാക്കിയത് കൊണ്ട് ഈ വക അനുഭവങ്ങളൊന്നും അവർക്കില്ലാതാവുകയും ചെയ്യുന്നു. കമ്പിപ്പാല എന്ന ഒരു ചെറിയ തരം മരത്തിലെ ഇല പൊട്ടിച്ച് അതിന്റെ പശ/നീര് മുള്ളു കുത്തിയിടത്ത് പുരട്ടിയാൽ മുള്ള് പൊന്തി വരുമെന്ന് ആരോ പറഞ്ഞു അതൊക്കെ പരാജയപ്പെട്ട് അവസാനം കാലിന്റെ മടമ്പ് പഴുത്ത് ഒരു പരുവമായി. കാല് നിലത്ത് വെക്കാൻ പറ്റാത്ത അവസ്ഥ. എനിക്കാണെങ്കിൽ ഹോസ്പിറ്റൽ എന്ന് കേൾക്കുമ്പോഴേ ഇഞ്ചക്ഷൻ സൂചിയും കത്രികയും മനസിൽ തെളിഞ്ഞ് ബോധക്കേടുണ്ടാവുന്നത്ര ധൈര്യം. :(
പക്ഷെ ,അവസാനം ഇല്ലാത്ത ധൈര്യം സംഭരിച്ച് ഹോസ്പിറ്റലിൽ പോകാമെന്ന് സമ്മതിച്ചു. എരുമപ്പെട്ടി ഗവണ്മെന്റ് ആശുപതിയിൽ ആണ് അന്ന് പോയത്. വിചാരിച്ചത് തന്നെ സംഭവിച്ചു. എന്റെ കാല് കിട്ടിയ സന്തോഷം ആ ഡോക്ടർ നഴ്സിനു കൈമാറി അവർ അത് കത്രികയും മറ്റു കുന്ത്രാണ്ടങ്ങളും കൊണ്ട് ആഘോഷിച്ചു. നാല് കിലോമീറ്റർ അകലെയുള്ള എന്റെ വീട്ടിൽ കേൾക്കാവുന്ന ശബ്ദത്തിൽ എന്റ് നിലവിളി വകവെക്കാതെയുള്ള ആ കലാപരിപാടിയോടെ എന്റെ ഉള്ള ജീവൻ എന്നെ വിട്ട് പോണോ വേണ്ടേ എന്ന നിലയിലായി . അപ്പോഴാണ് ഡോകടറുടെ ഒരു പ്രഖ്യാപനം .സിസ്റ്റർ ഒരു ഇഞ്ചകഷ്ൻ കൂടി എടുത്തോളൂ.. ഡോക്ടർമാരിലും പോലീസുകാരോ എന്ന സംശയത്തോടെ ഞാൻ ഉമ്മാടെ മുഖത്തേക്ക് ദയനീയമായി നോക്കി. 'ഇഞ്ചക്ഷനു പകരം ഗുളിക എഴുതിപ്പിക്കാം എന്ന് ഉമ്മ എന്നോട് ഏറ്റിരുന്നത് ഓർമ്മിപ്പിക്കുക' എന്നതായിരുന്നു എന്റെ ആ നോട്ടത്തിന്റെ അർത്ഥമെങ്കിലും ഉമ്മ അത് കണ്ടതായി നടിക്കുന്നില്ല. അവസാനം ആ ദുരന്തം കൂടി സംഭവിച്ചു. അതോടെ എന്റെ ജീവൻ ഹോസ്പിറ്റൽ പടി കടന്ന് അടുത്തുള്ള ചായക്കടയിലെ ബഞ്ച് വരെ എങ്ങിനെ എത്തി എന്നതിന് ഒരു ഉത്തരമില്ല. അവിടെ നിന്ന് ഒരു പാലുംവെള്ളവും (ചായപ്പൊടി ഇടാത്ത ചൂടുവെള്ളത്തിൽ പാലും പഞ്ചസാരയും മാത്രം മിക്സ് ചെയ്ത ഒരു പാനീയം) രണ്ട് വെള്ളയപ്പത്തിനു മുകളിൽ പഞ്ചസാര തൂകിയതും ഇട്ടത് മുന്നിൽ എത്തിയിരിക്കുന്നു. ‘മോനേ ഇയ്യതങ്ങ്ട്ട് കഴിക്ക് ഇന്നിട്ട് നമുക്ക് പോകാം. വേദനയൊക്കെ ഇപ്പ മാറും’ എന്നുള്ള ഉമ്മാടെ മോഹന വാഗ്ദാനം കേൾക്കുന്നതിനു മുന്നെ തന്നെ പാലും വെള്ളം ഞാൻ കുടിച്ചു തുടങ്ങിയിരുന്നു (കരച്ചിലോടു കൂടി തന്നെ) . അവിടെയുള്ളവർ എന്നെ പല ആങ്കിളിലും നോക്കുന്നുണ്ട് .ചിലരുടെ കണ്ണുകളിൽ വെറും പുച്ഛം. ഇത്രയും വലുതായിടും ഇവന്റെ കരച്ചിൽ കണ്ടില്ലേ എന്ന ഭാവാഹാതികൾ.
അവിടെ നിന്നിറങ്ങി ഒരു കാല് തറയിലും ഒരു കാല് വായുവിലുമായി ഉമ്മാടെ സഹായത്തോടെ വെള്ളറക്കാട്ടേക്കുള്ള ബസിൽ കയറിപറ്റി (കണ്ടക്ടർ വലിച്ച് കയറ്റി ) വെള്ളറക്കാട് മനപ്പടിയിൽ വന്നിറങ്ങി. നമ്മുടെ ബ്ലോഗർ സുരേഷ് കുമാർ പുഞ്ചയിലിന്റെ തറവാടിന്റെ അടുത്ത് കൂടെ നടന്ന് ചിങ്ങംകാവ് അമ്പലപറമ്പ് വഴി പാടത്തേക്കിറങ്ങി പാടവരമ്പിലൂടെ നടന്നാൽ എളുപ്പത്തിൽ ഞങ്ങളുടെ പറമ്പിന്റെ പിറക് വശത്തെത്താം . അതാണ് മനപ്പടിയിൽ ബസിറങ്ങിയത്. സുരേഷിന്റെ വീട്ടുകാർ ഉമ്മയുമായി വളരെ അടുപ്പം പുലർത്തിയിരുന്നു. അവരുടെ സഹതാപങ്ങളൊക്കെ ഏറ്റുവാങ്ങി ഞാനും ഉമ്മയും അമ്പലം കഴിഞ്ഞ് പാടത്തെത്തി അപ്പോഴാണ് ഓർത്തത് പാട വരമ്പിലൂടെ എനിക്ക് ഈ ഒറ്റക്കാലും വെച്ച് ‘കാറ്റ് വാക്’ ചെയ്യാൻ പറ്റില്ല എന്ന്. ഞാൻ ഉമ്മയെയും ഉമ്മ എന്നെയും നോക്കി . ഞാനു ഉമ്മയും കൂടി പാട വരമ്പത്തെ ചളിയിലേക്കും.
പക്ഷെ മാതൃത്വം അവിടെ തളർന്നില്ല. ‘അന്നെ ഞാൻ എടുത്ത് നടന്നോളാം കുറച്ച് ദൂരമല്ലേയുള്ളൂ’ എന്ന് പറഞ്ഞ ഉമ്മ എന്നെ വാരിയെടുത്തു ഒക്കത്ത് വെച്ചു. എന്റ് ഭാരം കുറഞ്ഞു ഉമ്മാടെ വാത്സല്യത്തിൽ ..ഉമ്മാടെ ഒക്കത്തിരുന്ന് ഞാനങ്ങിനെ സുരക്ഷിതാമയി പാടത്തിനക്കരെയെത്തി. വഴിയിൽ വെച്ച് ഒന്ന് രണ്ടാളുകൾ അവരുടെ പൊട്ടചോദ്യങ്ങളുമായി മുന്നിൽ വന്നു. ‘കല്ല്യാണം കഴിക്കാനായ ചെക്കനെയും എടുത്താണോ നടക്കുന്നത് ?(ഉമ്മാട് ) നാണമില്ലടാ നിനക്ക് ഉമ്മാടെ ഒക്കത്തിരിക്കാൻ ? (എന്നോട്) . രണ്ട് ചോദ്യങ്ങളെയും ഉമ്മ തന്നെ നേരിട്ടു. ഓന്റെ കാലുമ്മൊരു മുള്ളു കുത്തി അത് കീറി മരുന്ന് വെച്ച് വരുകയാ. നടക്കാൻ പറ്റത്തോണ്ടാ.. ഉമ്മ മറുപടി നൽകി. ഉമ്മാക്ക് എന്റ് ഭാരം താങ്ങാൻ മാത്രം ആരോഗ്യസ്ഥിതിയൊന്നുമുണ്ടായിരുന്നില്ല എന്നിട്ടും എന്റെ കാല് നനയാതിരിക്കാൻ എന്നെ ഒക്കത്തിരുത്തി ആ പാട വരമ്പിലൂടെ നടന്ന് നീങ്ങിയത് ഇന്നും എന്റെ മനസ്സിൽ മായാതെ മങ്ങാതെയിരിക്കുന്നു. ഈ ക്ലിപ് കണ്ട് ഞാൻ ആ രംഗം വീണ്ടുമോർത്തു. ഈറനായ മിഴികളുമായി.. എന്ത് പകരം വെക്കാാൻ പറ്റും നമുക്ക് മാതാവിന്റെ സ്നേഹത്തിന് .
നഷ്ടപ്പെടുന്നതിനു മുന്നെ തിരിച്ചറിയാൻ കഴിയണം നമുക്ക്. അല്ലെങ്കിൽ ഒരു പാട് ദു:ഖിക്കേണ്ടി വരും
ഇന്ന് മാതൃദിനമായി ആചരിക്കുന്ന സമയത്ത് എന്റെ ഉമ്മാടെ സ്നേഹത്തിനു മുന്നിൽ എല്ലാ മാതാക്കളുടെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും മുന്നിൽ ഈ കാശ്ച സമർപ്പിക്കുന്നു.
മാതാവിന്റെ മഹത്വം എന്ന ഈ മൊഴിമുത്തുകൾ കൂടി വായിക്കുമല്ലോ
Sunday, May 10, 2009
ചിതലരിക്കാത്ത ഒരു ഓർമ്മ
Subscribe to:
Post Comments (Atom)
50 പേര് കാഴ്ച കണ്ട് പറഞ്ഞത്:
മാതൃദിനത്തിൽ ഒരു ചിതലരിക്കാത്ത ഓർമ്മ
ഒരു കണ്ണു നനയിക്കുന്ന കാഴ്ചയും (ഖർബുള്ളവരുടെ)
മാതാപിതാക്കളുടെ സ്നേഹത്തിന് പകരം വെക്കാൻ ഒന്നുമില്ലതെന്നെ. ഈ മാതൃദിനത്തിൽ ബൂലോഗരോട് പറയാൻ അനുയോജ്യമായ ഈ പോസ്റ്റ് ഏറെ ചിന്തിപ്പിക്കുന്നു.
very very nice ..vera onnum parayan pattunnilla manass edarunnu .....thanks
Very Good Post.. Happy Mothers day...
നന്നായി ചിന്തിക്കാൻ സഹായിക്കുന്ന ബ്ലോഗ്!
നന്ദി!!
ചെറുപ്പത്തിലേ ഇത്ര ധൈര്യം(?) എവിടുന്ന് കിട്ടി എന്ന് ചോദിക്കാൻ തോന്നുന്നു!!!
“നഷ്ടപ്പെടുന്നതിനു മുന്നെ തിരിച്ചറിയാൻ കഴിയണം നമുക്ക്. അല്ലെങ്കിൽ ഒരു പാട് ദു:ഖിക്കേണ്ടി വരും“.
അടിവരയിടുന്നു ഈ വാക്കുകള്‍ക്ക്. അവര്‍ ചൊരിഞ്ഞു തരുന്ന സ്നേഹ വാത്സല്യത്തിന് എന്തുണ്ട് പകരം നില്ക്കാന്?
വിലമതിക്കാനാവാത്ത മാതൃസ്നേഹത്തിനു മുന്നില്‍....കണ്ണുനിറയുന്നു..
ശരിയാ ഇക്ക,അമ്മ എന്ന വാക്കിന് ഒരുപാട് അര്‍ത്ഥമുണ്ട്.ആ ക്ലിപ്പിംഗ്ഗ് കണ്ടു.മനസ്സില്‍ ഒരു നൊമ്പരം
ബഷീറേ,
ക്ലിപ്പിംഗ് കണ്ണ് നിറച്ചെടാ.പത്തു മാസം വയറ്റില്‍ ചുമന്നു നൊന്ദു പ്രസവിച്ചിട്ടും ആ മകനെ ജീവിത കാലം മുഴുവനും ചുമക്കേണ്ടി വരുന്ന അമ്മമാര്‍ക്കാകട്ടെ ഈ മാതൃദിനം നാം മാറ്റി വെക്കേണ്ടത്. അവരുടെ നിസ്വാര്‍ത്ഥമായ സ്നേഹത്തിനു മുന്നില്‍ ഒരു തുള്ളി കണ്ണീരാശ്രു പൊഴിച്ചു കൊണ്ട് ഈ ദിനത്തിന് സമര്‍പ്പിക്കുന്നു. കൊള്ളാം!
ഓ.ടോ: ഇതില്‍ പറഞ്ഞ ഈ എരുമപ്പെട്ടി ഗവര്‍മെണ്ട് ആശുപത്രിയിലാണ് ഈ ഞാന്‍ പിറന്നു വീണത്!ഉമ്മാന്റെ വീട് പഴവൂരാന്.നിന്റെ ഫോണ്‍ നമ്പരൊന്നു മെയില്‍ ചെയ്യൂ ഓക്കേ.
Basheer... Ummayodum ippozum snehamanennu parayanam.. Ashamsakalum...!!!
>നരിക്കുന്നൻ
അതെ പകരം വെക്കാൻ കഴിയാത്തതാണ് അവരുടെ പ്രത്യേകിച്ച് മാതാവിന്റെ സ്നേഹം. ആദ്യമായി അഭിപ്രയമറിയിച്ചതിൽ സന്തോഷം
>കബീർ
നമ്മുടെ മനസിന്റെ ഇടർച്ച പോലും സഹിക്കാൻ കഴിയാത്തവരാണ് നമ്മുടെ മാതാവ് എന്നും ഓർക്കുക നാമെപ്പൊഴും . നന്ദി
>പകൽകിനാവൻ
നല്ല വാക്കുകൾക്ക് നന്ദി. എല്ലാ ആശംസകളും നേരുന്നു
>മുഹമ്മദ്
ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം
എന്റെ ധൈര്യത്തെ പറ്റി മനസ്സിലായല്ലോ :)
>കാസിം തങ്ങൾ
നമുക്കിടയിൽ തന്നെ അത്തരം ദു:ഖവും പേറി നടക്കുന്നവരെ കാണാം .പാഠമാവട്ടെ നമുക്കത്. അവരുടെ തൃപിതിയാവട്ടെ നമ്മുടെ സന്തോഷവും
അഭിപ്രായത്തിനു നന്ദി.
> ബൈജു സുൽത്താൻ
നിറകണ്ണുകൾ നമ്മുടെ ഹൃദയത്തെ ശുദ്ധീകരിക്കാനുതകുന്നതാവട്ടെ. ആശംസകൾ
> അരുൺ കായംകുളം
തീർച്ചയായും .മനസ്സിലാക്കാൻ കഴിയാതെ പോകരുത് നാം. നന്ദി
> വാഴക്കോടൻ
കണ്ണു നിറയാത്തവർ അവരുടെ ഹൃദയങ്ങളെ പറ്റി തപിക്കേണ്ടതുണ്ട്. ഈ ക്ലിപ്പിംഗ് ഞാനും ഒരുപാട് തവണ കണ്ടു. പലപ്പോഴും മുഴുവനായി കാണാൻ സാധിക്കാത്ത വിധം നിറകണ്ണുകളോടെ തന്നെ.നമുക്ക് ചുറ്റും ഇത്തരം അമ്മമാർ ജീവിക്കുന്നത് നാം കണ്ടെത്തുകയും സഹായിക്കുകയും ചെയ്യേണ്ടതുണ്ട്.
എരുമപ്പെട്ടിയും പഴവൂരുമൊക്കെ അടുത്തല്ലേ.. ഫോൺ നമ്പർ അയച്ചിട്ടുണ്ട്.
> സുരേഷ്കുമാർ
തീർച്ചയായും അറിയിക്കും. ഈ നല്ലവക്കുകൾക്ക് നന്ദി
ശരിയാണു ഇക്ക പറഞ്ഞത്.മാതാപിതാക്കളുടെ സ്നേഹത്തിനു പകരം വെയ്ക്കാൻ ഈ ഭൂമിയിൽ ഒന്നുമില്ല.ഞങ്ങളുടെ വീട്ടിൽ ഞങ്ങൾ 3 മക്കളായിരുന്നു.ഞാൻ നടുക്കത്തെ സന്തതി.മൂത്ത ആൾക്കും ഇളയ ആൾക്കും കിട്ടുന്ന സ്നേഹം എനിക്കു കിട്ടുന്നില്ലാ എന്നൊരു തോന്നൽ എനിക്കൊരു നാളിൽ തോന്നി.അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.എന്നോടും സ്നേഹമുണ്ടെന്ന് തെളിയിക്കണം.അതിനു വേണ്ടി ഒരു ദിവസം ഞാൻ വയറുവേദന അഭിനയിച്ച് വലിയ വായിലേ കരച്ചിൽ തുടങ്ങി.പാവം അമ്മ ഹോസ്പിറ്റലിൽ കൊണ്ടു പോകാനായി റെഡിയായി.അന്ന് ബസ് സ്റ്റോപ്പ് എത്തണമെങ്കിൽ ഒരു 20 മിനുട്ട് നടക്കണം.എനിക്ക് വയറു വേദനയല്ലേ ! നടക്കാൻ വയ്യല്ലോ.എന്നെ ബസ് സ്റ്റോപ്പ് വരെ എടുത്തു കൊണ്ടു നടന്ന എന്റെ അമ്മയെ ക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോളും എന്റെ കണ്ണു നിറയും.
അമ്മയെപ്പോലെ അമ്മ മാത്രം....ഇത് ഒരു പ്രവാസിയെക്കാള്‍ നന്നായി മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയില്ല.
മാതൃസ്നേഹം ഏറ്റവും മഹത്തരം....
ക്ലിപിംഗ് കണ്ടും ,ബഷീറിന്റെ ഈ കുറിപ്പ് വായിച്ചും കുറെ നേരം ഞാനും എന്റെ കുട്ടിക്കാലത്തേക്ക് തിരികെപ്പോയി.അമ്മയുടെ സ്നേഹത്തിനു പകരം വെയ്ക്കാന്‍ നമ്മുടെ കയ്യില്‍ ഒന്നുമില്ല .അമ്മയുടെ സ്നേഹമാണ് ലോകത്തിലെ ഏറ്റവും മഹത്തരം .
>കാന്താരിക്കുട്ടി
ഹ..ഹ. കൊള്ളാാം സൂത്രം.
ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ടെന്തായി. ഞാനാണെങ്കിൽ ഇഞ്ചക്ഷൻ സൂചി കണ്ടാൽ സത്യം പറഞ്ഞ് ഓടിയേനേ..:)
മക്കൾക്ക് സ്നേഹം കൊടുക്കുക ..അവർ നിങ്ങളെയും സ്നേഹിക്കട്ടെ
>Prayan
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്. അടുത്തുള്ളപ്പോൾ പലർക്കും ഒരു പക്ഷെ ആ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാൻ കഴിയാതെ പോകുന്നു.
>ശിവ
മാതൃസ്നേഹം മഹത്തരമാണെന്ന തിരിച്ചറിവ് നമുക്കേവർക്കും ഉണ്ടാവട്ടെ
> കാപ്പിലാൻ
അതെ, നാമെത്ര ഉന്നതിയിലെത്തിയാലും അമ്മയുടെ മടിത്തട്ട് മറക്കാൻ പാടില്ല.
താങ്കളും ആ നല്ല കാലത്തിന്റെ ഓർമ്മയിലേക്ക് പോയെന്ന് അറിയിച്ചതിൽ സന്തോഷം.
പോസ്റ്റ് വായിച്ച് ക്ലിപ്പിംഗ് കാണാന്‍ സാധിച്ചില്ല എങ്കിലും അമ്മയുടെ സ്നേഹത്തിന് ഒന്നും പകരം വെക്കാനില്ല.
ഉമ്മ എന്നാ വാക്ക് പകരം വെക്കാനില്ലാത്തതാണ്...
മനസ്സിലാകാത്ത ഭാഷയിൽ ഒരമ്മ സംസാരിക്കുന്നു. എന്നിട്ടും അവർക്കൊപ്പം കരഞ്ഞു പോയല്ലോ ആ വീഡിയോ കണ്ടിട്ടു. അതിനനുബന്ധമായി മനസ്സിലാകാവുന്ന ഭാഷയിൽ ഉള്ള പോസ്റ്റും നൊമ്പരപ്പെടുത്തി.
>ലാൽ വാളൂർ
ക്ലിപിംഗ് കാണാൻ ഒന്ന് കൂടി ശ്രമിയ്ക്കൂ.
പോസ്റ്റ് വായിച്ച് അഭിപ്രായ മറിയിച്ചതിനു നന്ദി
>ഹൻല്ലലത്ത് (അങ്ങിനെ തന്നെയല്ലേ ?
പത്തമ്മ വന്നാലും പെറ്റമ്മയാവാൻ കഴിയില്ല എന്നല്ലേ.. ഇവിടെ വന്നതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം
>ലക്ഷ്മി
അമ്മയുടെ സ്നേഹത്തിനു ഭാഷ ഒരു തടസ്സമല്ല എന്ന് ഈ ക്ലിപിംഗ് കാണുമ്പോൾ മനസ്സിലാവും. കരയാതിരിക്കാൻ ആർക്കാണു കഴിയുക.
അഭിപ്രായം പങ്കുവെച്ചതിൽ സന്തോഷം
testing error
വളരെ നല്ലൊരു പോസ്റ്റ്, ബഷീര്‍ക്കാ... മാതൃസ്നേഹത്തെക്കാള്‍ വലുത് മറ്റൊന്നുമില്ല എന്നല്ലേ പറയുക.
മദേഴ്സ് ഡേയ്ക്ക് പറ്റിയ പോസ്റ്റ് തന്നെ
> ശ്രീ
വായനയ്ക്കും നല്ല വാക്കുകൾക്കും നന്ദി
> ശ്രീ ഇടമൺതാങ്കളുടെ കമന്ന്റും ശ്രീയുടെ കംന്റും എന്റെ മെയിൽ ബോക്സിൽ വന്നിരുന്നു. എന്നാൽ പോസ്റ്റിൽ കാണുന്നില്ല. ശ്രീയെ ഞാൻ പിന്നെ ഭീഷണിപ്പെടുത്തി രണ്ടാമത് കമന്റിട്ടതാണ് :)
എന്തായാലും താങ്കളുടെ പ്രത്യക്ഷപ്പെടാത്ത കമന്റിനും നന്ദി :)
May 11, 2009 9:19 AM
ലതി said...
'ക്ലിപ്പിംഗ് ' കണ്ടു. കുറിപ്പും വായിച്ചു.
രണ്ടും ഹൃദയത്തെ സ്പര്‍ശിക്കുന്നത്!
ഒരമ്മയ്ക്ക് മാതൃദിനത്തില്‍ നല്കാവുന്ന ഏറ്റവും നല്ല സമ്മാനം!! ഒരമ്മ എന്ന നിലയില്‍ എന്റെ മനവും കുളിര്‍ത്തു.
നന്മകള് നേരുന്നു.
Salute to your mother my mother and mothers of all world
ആ ക്ലിപ്പിംഗ് നോക്കിയിരിക്കാന്‍ കെല്പില്ല ബഷീറെ..
അത്രയ്ക്ക് കണ്ണിനെ നനയിച്ചു.കഴിഞ്ഞ ദിവസം ഞാന്‍ ഉമ്മാനെവിളിച്ചു.മുത്തുമണിയ്യേ..എന്ന് ഞാന്‍ വിളിച്ചപ്പോള്‍ എന്താടാ മോനെ ന്ന് പറഞ്ഞ് പറഞ്ഞ് വിതുമ്പുന്നത് കേട്ടു.
നാമൊക്കെ അവരുടെ ചെറിയ ആവശ്യങ്ങള്‍ പോലും നിരാകരിക്കാറാണ് പതിവ്.സ്വന്തം അമ്മയുടെ സ്നേഹമനുഭവിക്കാനും പതിന്മടങ്ങ്തിരിച്ചു നല്കുവാനും നമുക്കേവര്‍ക്കും പടച്ചതമ്പുരാന് അനുഗ്രഹം ഏകട്ടെ.ആമീന്‍.
>ലതി
>പാവം-ഞാൻ
>യൂസുഫ്പ
ലതിച്ചേച്ചിയെന്ന അമ്മയുടെ മനംകുളിർത്തുവെന്നറിഞ്ഞതിലും,
പാവം-ഞാനിന്റെ അഭിവാദ്യങ്ങളിലും
യൂസുഫ്പ്ക്കാടെ ഉമ്മാക്കുള്ള സ്നേഹസമൃണമായ വിളിയിലും സന്തോഷം
കാഴ്ച കണ്ടതിലും ഹൃദയത്തിൽ ഏറ്റുവാങ്ങി അഭിപ്രായം അറിയിച്ചതിലും വളരെ നന്ദി
kann niranju....
> ചിതൽ
നന്ദി. ഹൃദയത്തിലേറ്റ് വാങ്ങിയതിന് .ഈ കണ്ണുനീർ നമ്മുടെ ഹൃദയങ്ങളെ കഴുകാനുതകട്ടെ..
ഇറ്റു വീണ രണ്ടു തുള്ളി കണ്ണുനീർ വറ്റുന്നതിനു മുൻപു തന്നെ...ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
> വരവൂരാൻ
കണ്ണുനീർ തുള്ളികൾക്ക് നമ്മുടെ ഹൃദയത്തെ കഴുകാനുള്ള കഴിവ് നഷ്ടമാവുന്ന ഒരു ദിനം വരുന്നതിനു മുന്നെ നമുക്ക് തിരിച്ചറിവുകൾ ഉണ്ടാവട്ടെ. വളരെ നന്ദി
കദനത്തിന്റെയൊരു ക്ലിപ്പിങ്
മാത്ര്യുത്തത്തിന്റെയൊരു കഥനം
നന്നായിരിക്കുന്നൂ..
> ബിലാത്തിപ്പട്ടണം,
നന്ദി.കാഴ്ചകണ്ട്, കുറിപ്പ് വായിച്ച്
നല്ല വാക്കുകൾ അറിയിച്ചതിൽ
ഇപ്പോൽ ആണു വായിക്കാൻ അവസരം കിട്ടിയത് അതു കണ്ടു കഴിയുമ്പോഴേക്കും ആകെ ഒരു മരവിപ്പു പോലെ മാതാവിന്റെ സ്നേഹം അതിന്റെ മഹത്വം അതറിയാത്തവരായി ഈ ലോകത്ത് ആരുമുണ്ടാകില്ല പക്ഷെ പലരും അതു അവർക്ക് തിരിച്ചു കൊടുക്കുന്നില്ല ... ചിന്തിപ്പിക്കുന്ന പോസ്റ്റ് ഇനിയും ഇത്തരത്തിലുള്ള പോസ്റ്റുകൽ എഴുതാൻ കഴിയട്ടെ .. പ്രാർഥനയോടെ ..
ഉമ്മയുടെ സ്നേഹം!……. ഹോ.. പറയാന്‍ വാക്കുകള്‍ ഇല്ല ബഷീര്‍ഭായ്.!!
മുന്‍പ് വായിച്ചിട്ടുണ്ടെങ്കിലും ഒന്നൂടെ വായിച്ചു.
ഒന്നും പറയാനില്ല.
പറയാനുള്ളത് താങ്കളുടെ ഉമ്മ പറഞ്ഞു,
താന്കള് പറഞ്ഞു,
ആ മുള്ള് പറഞ്ഞു,
കമന്റുകള്‍ പറഞ്ഞു,
പിന്നെ,
ആ വിഡിയോ ക്ലിപ്പും പറഞ്ഞു.
മറ്റെന്തു പറയാന്‍?
"എന്ത് പകരം വെക്കാാൻ പറ്റും നമുക്ക് മാതാവിന്റെ സ്നേഹത്തിന് .
നഷ്ടപ്പെടുന്നതിനു മുന്നെ തിരിച്ചറിയാൻ കഴിയണം നമുക്ക്. അല്ലെങ്കിൽ ഒരു പാട് ദു:ഖിക്കേണ്ടി വരും"
വജ്രത്തിന്റെ മൂർച്ചയുള്ള സത്യം...
ഞാൻ ദുഖിച്ചുകൊണ്ടിരിക്കയാണ് സുഹ്ര്ത്തേ..കണ്ണീരോടെ. താങ്കളുടെ പോസ്റ്റ് വായിച്ചുതീർത്തതും കണ്ണീരോടെത്തന്നെ. മനുഷ്യത്വത്തെ ഉദ്ദീപിപ്പിക്കുന്ന ഈ എഴുത്തിനു നന്ദി ബഷീർ.
> ഉമ്മു അമ്മാർ,
> ഹംസ,
> ശ്രീ,
> ഇസ്മയിൽ കുറുമ്പടി,
> പള്ളിക്കരയിൽ (ഒഴിവ് )
കാഴ്ച കണ്ട് കുറിപ്പ് വായിച്ച് ഹൃദയം തുറന്ന അഭിപ്രായങ്ങൾ അറിയിച്ചതിൽ വളരെ സന്തോഷം. ശ്രീയ്ക്ക് ഒരു സ്പെഷ്യൽ സന്തോഷം രണ്ടാമതും എത്തിയതിൽ :)
കുറെ നാളുകൾക്ക് ശേഷം ഇന്ന് ഉമ്മമാർക്ക് കത്തെഴുതി ( ടെലിഫോൺ സൌകര്യം കൂടിയപ്പോൾ കത്തെഴുത്തിന്റെ കഥ കഴിഞ്ഞപോലെയാണിപ്പോൾ) ഒന്ന് എന്റെ ഉമ്മാക്ക് പിന്നെ ഒന്ന് എന്റെ മോളുടെ ഉമ്മാക്ക് ഇനി ഒന്ന് കൂടി എഴുതണം എന്റെ മോളുടെ ഉമ്മാടെ ഉമ്മാക്ക് :)
എല്ലാവർക്കും നന്ദി
മാതാവിന്റെ സ്നേഹത്തിന് പകരം വെക്കാനായ് മറ്റൊന്നുമില്ല തന്നെ.
നല്ല പോസ്റ്റ്.
ആ ക്ലിപ്പിങ്ങിലെ അമ്മ പറയുന്നതെന്തെന്ന് മനസ്സിലായില്ലെങ്കിലും ആ അമ്മയുടെ സ്നേഹവും ദു:ഖവും നന്നായറിഞ്ഞു. ഭൂമിയിലെ കാണപ്പെടുന്ന ദൈവം സ്നേഹമയിയായ അമ്മ തന്നെയാണ്.
അതാണ് അമ്മ. അമ്മയുടെ സ്നേഹം, അതിനു പകരം വക്കാനും ഒന്നുമില്ല. ഒരു മക്കളും അമ്മമാരെ വേദനിപ്പിക്കാതിരിക്കട്ടെ.
പട്ടേപ്പാടം റാംജി ഭായ്,
ഗീതേച്ചി,
എഴുത്തുകാരി ചേച്ചീ
എല്ലാവർക്കും ഹൃദയംഗമമായ നന്ദിയും സന്തോഷവും അറിയിക്കുന്നു. അമ്മേയെ സ്നേഹിക്കുന്ന ആദരിക്കുന്ന സംരക്ഷിക്കുന്ന മക്കാളാൽ ഈ ലോകം സുന്ദരമകട്ടെ
അമ്മത്തം അല്ലെ എല്ലാത്തിനും മേലേ
എല്ലാ അമ്മമാര്‍ക്കും പ്രണാമമര്‍പ്പിക്കുന്നു.
നന്നായി.
അനുഭവം ഒരു നല്ല പോസ്റ്റ് ആക്കിയത് നന്നായി ...ആ ക്ലിപ്പ് ശരിക്കും ഹൃദയത്തില്‍ കൊണ്ട് ..അത് പോലെ സമാനം താങ്കളുടെ പഴയകാല anubhavum ...ഒരു വേള അത് തിരിച്ചായിരുന്നെങ്കില്‍ ഒരു പക്ഷെ ചമ്മല് കാരണം പല മക്കളും പലതും പറയുമായിരുന്നു ല്ലേ ...അത് കൊണ്ടല്ലേ ഇന്ന് അസുഖം ആയ മാതാപിതാക്കളെ പോലും പലരും പാതിവഴിക്കോ വൃദ്ധ സധനങ്ങളിലോ കൊണ്ട് ചെന്നാക്കുന്നെ ...നമ്മളുടെ മനസ്സിന് ദൈവം ഒരിക്കലും വറ്റാത്ത കാരുണ്യതാലും നന്ദിയാലും നിറക്കട്ടെ എന്ന് മാത്രം പ്രാര്‍ത്ഥന ....
> എന്‍.ബി.സുരേഷ്
മറുപടി വൈകിയതിൽ ക്ഷമിക്കുക
ശരിയാണ് സുരേഷ് ..മാതാവ് തന്നെ നമുക്കെല്ലാം.
ഇവിടെ എത്തിയതിലും നല്ല വാക്കുകൾക്കും നന്ദി..
> ആദില
> ...ഒരു വേള അത് തിരിച്ചായിരുന്നെങ്കില്‍ ഒരു പക്ഷെ ചമ്മല് കാരണം പല മക്കളും പലതും പറയുമായിരുന്നു ല്ലേ ...അത് കൊണ്ടല്ലേ ഇന്ന് അസുഖം ആയ മാതാപിതാക്കളെ പോലും പലരും പാതിവഴിക്കോ വൃദ്ധ സധനങ്ങളിലോ കൊണ്ട് ചെന്നാക്കുന്നെ .<
ശരിക്കും ഈ മറുചോദ്യം ഏറെ ചിന്തിപ്പിക്കുന്നത് തന്നെ... നമ്മെ ജിവിപ്പിക്കാൻ വേണ്ടി വളർത്തിയവരെ മരിപ്പിക്കാൻ വേണ്ടി പോലും നോക്കാത്ത മക്കൾ ..ഒരു പക്ഷെ ഈ മനോനിലവാരട്ടിലുള്ളവരായിരിക്കും :(
നന്ദി
കുറേ വൈകിയാനല്ലോ ഇത് കാണുന്നത്.
വാക്കുകല്ക്കതീതം മാതൃസ്നേഹം. ആ അനസ്യൂത പ്രവാഹത്തിന് ഒരു ദിനമെന്നില്ല എന്നും ഇപ്പോഴും.
നന്ദി ഇത്തരം ഒരു പോസ്റ്റിനു.
> തെച്ചിക്കോടന്,
വന്ന് കണ്ണ്റ്റ് അഭിപ്രായം അറിയിച്ചതിൽ സന്തോഷം
മറുപടി വൈകിയതിൽ ക്ഷമിയ്ക്കുക
അടുത്ത കാഴ്ചയുമായി വരാം ഇൻശാ അല്ലാഹ്
മനസ്സിന്റെ ഉള്ളിനുള്ളില്‍ ഒരു തേങ്ങല്‍ ഉണര്‍ന്നുവോ ? എന്തിനും മാപ്പ് നല്കുന്ന മാതൃ ഹൃദയം .......വളരെ സ്പര്‍ശിയായി ബഷീര്‍ ...
മനസ്സ് സ്പര്‍ശിയായി ...ബഷീര്‍ ....വളരെ നന്നായിരിക്കുന്നു ...
Post a Comment